വിപ്രോയും നിറപറയും ധാരണയില്‍
ദുബായ്: ഇന്ത്യയില്‍ അതിവേഗം വളരുന്ന എഫ്എംസിജി കമ്പനികളിലൊന്നായ ‘വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്’ ഭക്ഷണ ബ്രാന്‍ഡായ ‘നിറപറ’യുമായി ധാരണ പ്രഖ്യാപിച്ചു. സ്‌നാക്‌സ്, സുഗന്ധ വ്യഞ്ജനങ്ങള്‍, റെഡി റ്റു കുക്ക് മേഖലകളില്‍ പ്രധാന സ്വാധീന ശക്തിയാവാന്‍ കമ്പനി ലക്ഷ്യമിടുന്നുവെന്ന് ഇതുസംബന്ധിച്ച് നടന്ന ചടങ്ങില്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിലെ ഫുഡ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഗ് അറിയിച്ചു.
വിപ്രോയുടെ പതിമൂന്നാമത്തെ പങ്കാളിത്തമാണ് നിറപറയുമായുള്ളത്. ഇത് തങ്ങള്‍ക്ക് വ്യക്തമായ ചുവടുവെപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ എന്‍ചാന്റ്യൂര്‍, യാര്‍ഡ്‌ലി ഓഫ് ലണ്ടന്‍, സന്തൂര്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകള്‍ പോര്‍ട്‌ഫോളിയോയിലുള്ള വിപ്രോക്ക് ജിസിസി രാജ്യങ്ങളില്‍ കാര്യമായ സാന്നിധ്യമുണ്ട്. ഈ ഐകണിക് ബ്രാന്‍ഡുകളുടെ പട്ടികയിലേക്കാണ് നിറപറയും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എഫ്എംസിജി തലത്തില്‍ സമഗ്രമായ ഒരു പോര്‍ട്‌ഫോളിയോ ക്യുറേറ്റ് ചെയ്യാനായി വിപ്രോ കണ്‍സ്യൂമര്‍ നിറപറയുമായി കൈ കോര്‍ത്ത് മികച്ച ഗുണനിലവാരമുള്ള സുഗന്ധ ദ്രവ്യങ്ങളും റെഡി റ്റു കുക്ക് ഉല്‍പന്നങ്ങളും ഉള്‍പ്പെടെയുള്ള വിപുലമായ ഭക്ഷ്യ ഉല്‍പന്നങ്ങളാണ് നിര്‍മിച്ചു വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
”1976ല്‍ ആരംഭിച്ച നിറപറ മസാലകള്‍, പ്രത്യേകിച്ചും സാമ്പാര്‍ പൊടി, ചിക്കന്‍ മസാല എന്നിവയുടെ പേരിലും റെഡി റ്റു കുക്ക് പുട്ടുപൊടിയിലും പേരു കേട്ടതാണ്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന ജനപ്രിയ ബ്രാന്‍ഡുകളിലൊന്നാണ് നിറപറ. ഇത് അവരുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെ ഭാഗമാണ്. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, നിറപറ കയറ്റുമതിയില്‍ ജിസിസി രാജ്യങ്ങളിലാണ് ആദ്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്” -അനില്‍ ചുഗ് കൂട്ടിച്ചേര്‍ത്തു.
നിറപറയുടെ അന്താരാഷ്ട്ര വരുമാനത്തിന്റെ 82% ജിസിസി രാജ്യങ്ങളില്‍ നിന്നാണ്. അവരുടെ ജിസിസി ബിസിനസിന്റെ 40% യുഎഇയില്‍ നിന്നും 30% സൗദി അറേബ്യയില്‍ നിന്നുമാണ്. ജിസിസി രാജ്യങ്ങളില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിറപറ ഉല്‍പന്നങ്ങള്‍ക്ക് വ്യാപക സ്വീകാര്യതയുണ്ട്.
വിപ്രോ യാര്‍ഡ്‌ലി സീനിയര്‍ ജന.മാനേജര്‍ പ്രിയദര്‍ശി പാണിഗ്രാഹിയും ചടങ്ങില്‍ സംബന്ധിച്ചു.