FEATUREDGovernmentUAEWorld

ലോക ഭരണകൂട ഉച്ചകോടി ഫെബ്രു.13ന് ദുബായില്‍

150 രാജ്യങ്ങളുടെ പ്രാതിനിധ്യം, 20 പ്രസിഡന്റുമാര്‍, 250 മന്ത്രിമാര്‍, 1000 ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും

ദുബായ്: ലോക ഭരണകൂട ഉച്ചകോടി (ഡബ്‌ള്യുജിഎസ്) ഈ മാസം 13ന് ‘ഭാവി ഭരണകൂടങ്ങള്‍ രൂപപ്പെടുത്തുക’ എന്ന ആശയത്തില്‍ ദുബായ് മദീനത ജുമൈറയില്‍ സംഘടിപ്പിക്കും. 150 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള ഉച്ചകോടിയില്‍ 20 രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും 250ലധികം മന്ത്രിമാരും 1,000 ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. രാഷ്ട്ര മീമാംസകരും നയതന്ത്ര്ഞരും ചിന്തകരും സംബന്ധിക്കുന്ന ഉച്ചകോടിയില്‍ 220ലധികം സെഷനുകളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ആഗോള തലത്തില്‍ സുസ്ഥിര വികസനം നേരിടുന്ന വെല്ലുവിളികള്‍, കാലാവസ്ഥാ പ്രതിസന്ധികള്‍, ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്. വിവിധ ഗവണ്‍മെന്റുകളുടെ ഭരണ വഴിയിലെ അനുഭവങ്ങള്‍, രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനുള്ള അന്താരാഷ്ട്ര സഹകരണ സാധ്യതകള്‍ എന്നിവ വിശകലനം ചെയ്യും.
‘ആഫ്രിക്ക: ലോകത്തിന്റെ അടുത്ത ആഗോള സാമ്പത്തിക രൂപീകരണം’ എന്ന തലക്കെട്ടില്‍ ഒരു പ്രധാന സെഷന്‍ ഉച്ചകോടിയില്‍ നടക്കുന്നതാണ്. സെനഗല്‍ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണുമായ മാക്കി സാല്‍ ആഫ്രിക്കയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും പ്രകൃതി വിഭവങ്ങളുടെ ശരിയായ വിനിയോഗം സംബന്ധിച്ചും സംസാരിക്കും.


മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപന്‍ ‘രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, കാലാവസ്ഥ’ എന്നിവയിലെ ആഗോള മാറ്റങ്ങളുടെ വെളിച്ചത്തില്‍ സര്‍ക്കാരുകള്‍ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സംസാരിക്കും.
സീഷെല്‍സ് പ്രസിഡന്റ് വെവല്‍ റംകലവന്‍ പരിസ്ഥിതി സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളെ സഹായിക്കാനും അന്താരാഷ്ട്ര സഹകരണം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംസബന്ധിച്ച് സംസാരിക്കുന്നതാണ്.
പരാഗ്വേ പ്രസിഡന്റ് മരിയോ അബ്ദോ ബെനിറ്റസ് സുസ്ഥിര വികസന തന്ത്രങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഏകോപനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച് പ്രഭാഷണം നടത്തും.
വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് മുഖ്യ പ്രഭാഷണം നടത്തും.
തുനീഷ്യന്‍ പ്രധാനമന്ത്രി നജ്‌ല ബൗഡന്‍, കുര്‍ദിസ്ഥാന്‍ റീജ്യണല്‍ ഗവണ്‍മെന്റ് പ്രധാനമന്ത്രി മസ്‌റൂര്‍ ബര്‍സാനി, യെമന്‍ പ്രധാനമന്ത്രി മാഇന്‍ അബ്ദുല്‍ മാലിക് സഈദ് എന്നിവരും പങ്കെടുക്കും. ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറക്‌ളി ഗരിബാഷ്വിലി, അസര്‍ബൈജാന്‍ പ്രധാനമന്ത്രി അലി അസദോവ്, സെര്‍ബിയന്‍ പ്രധാനമന്ത്രി അനാ ബ്രനാബിക്, കിര്‍ഗിസ് റിപ്പബ്‌ളിക് കാബിനറ്റ് ചെയര്‍മാന്‍ അകില്‍ബെക് ജപറോവ് എന്നിവരും സംബന്ധിക്കും.
യുഎഇ മന്ത്രിയും ഉച്ചകോടിയുടെ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവിയും ട്വിറ്റര്‍ സിഇഒയും സ്‌പേസ് എക്‌സ് സ്ഥാപകനുമായ എലോണ്‍ മസ്‌കും തമ്മിലുള്ള സംഭാഷണം രണ്ടാം തവണയും ഇത്തവണ നടക്കുന്നതാണ്.
ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ പ്രൊഫ. ക്‌ളോസ് ഷ്വാബ് ഭാവിയില്‍ ലോക സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്ന വലിയ മാറ്റങ്ങളെ കുറിച്ചും സര്‍ക്കാറുകള്‍ക്ക് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ‘ലോകത്തിന്റെ അവസ്ഥ’ എന്ന ശീര്‍ഷകത്തിലുള്ള ബൗദ്ധിക സെഷനില്‍ സംസാരിക്കുന്നതാണ്.
ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ നിലവിലെ സാമ്പത്തിക സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ധന നയവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കുറിച്ചും സാമ്പത്തികവും സാമൂഹികവുമായ സ്ഥിരത നിലനിര്‍ത്തുന്നതില്‍ നയങ്ങളുടെ പങ്കിനെ കുറിച്ചും ചര്‍ച്ച ചെയ്യും.
ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് ഡിജിറ്റല്‍ ഹെല്‍ത്ത് കെയറിലേക്കുള്ള മാറ്റത്തെ കുറിച്ചും പകര്‍ച്ചവ്യാധികളും വിട്ടു മാറാത്ത രോഗങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്യും.
ഉച്ചകോടിയുടെ രണ്ടാം ദിവസം അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗയ്ഥ്മുഖ്യ പ്രഭാഷണം നടത്തും. ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി, അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ നാസര്‍ അല്‍ ഹത്‌ലാന്‍ അല്‍ ഖഹ്താനി എന്നിവരും പ്രഭാഷണം നടത്തുന്നതാണ്. 6 പ്രധാന തീമുകള്‍ക്കുള്ളില്‍ ഒരു കൂട്ടം സംവേദനാത്മക സെഷനുകള്‍ ഉച്ചകോടിയിലുള്‍പ്പെടുന്നു.
മനുഷ്യ വിഭവ വികസനത്തിന് നല്‍കിയ അസാധാരണ സംഭാവനകള്‍ക്ക് മന്ത്രിമാര്‍, സ്വകാര്യ മേഖലയിലെ പ്രവര്‍ത്തകര്‍, ഇന്നൊവേറ്റര്‍മാര്‍, പ്രതിഭകള്‍ എന്നിവരെ അഭിനന്ദിച്ച് 7 ആഗോള അവാര്‍ഡുകള്‍ നല്‍കുന്നതാണ്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.