അബുദാബിയില്‍ ലോക നിക്ഷേപക ഫോറം ഒക്‌ടോബറില്‍
അബുദാബി: 2023 ഒക്‌ടോബര്‍ 16 മുതല്‍ 20 വരെ അബുദാബിയില്‍ നടക്കുന്ന എട്ടാമത് ലോക നിക്ഷേപക ഫോറത്തിന്റെ ആതിഥേയ നഗരമായി യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് അബുദാബിയെ പ്രഖ്യാപിച്ചു.
‘സുസ്ഥിര വികസനത്തില്‍ നിക്ഷേപം’ എന്ന പ്രമേയത്തിന് കീഴില്‍ നടക്കുന്ന ഫോറം ഭക്ഷ്യസുരക്ഷ, ഊര്‍ജം, ആരോഗ്യം, ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളിലെ വിതരണ ശൃംഖലാ പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍, ഉല്‍പാദന ശേഷി വളര്‍ച്ച എന്നിവയില്‍ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ ഒന്നിലധികം ആഗോള പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാര്‍ നേതാക്കളെയും ആഗോള സിഇഒമാരെയും നിക്ഷേപ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരും.
യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് സെക്രട്ടറി ജനറല്‍ റബേക്ക ഗ്രിന്‍സ്പാനും വിദേശ വ്യാപാര സഹ മന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സിയൂദിയും ഫോറത്തിന്റെ മുന്‍ഗണനാ വിഷയങ്ങള്‍ അവതരിപ്പിച്ചു.
യുഎഇയില്‍ നടക്കുന്ന വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ്28) ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഫോറം നടക്കുന്നത്. ഫോറം പോളിസി നിര്‍മാതാക്കളെയും മറ്റ് പങ്കാളികളെയും പരിഹാരങ്ങള്‍ കണ്ടെത്താനും മുന്‍ഗണനാ വിഷയങ്ങളില്‍ സമവായത്തിലെത്താനും പ്രാപ്തരാക്കും. കൂടാതെ, അതിന്റെ ഫലങ്ങള്‍ കോപ് 28 ചര്‍ച്ചകളിലേക്ക് നയിക്കുകയും ചെയ്യും.