ലോകത്തിലെ ആദ്യ മലയാളം മിഷന്‍ ക്‌ളബ് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

അജ്മാന്‍: മലയാള ഭാഷക്ക് ആഗോള പ്രചാരം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ പ്രചാരണാര്‍ത്ഥമുള്ള ആദ്യ മലയാളം ക്‌ളബ് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ‘കുട്ടി മലയാളം’ പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന പ്രഥമ മലയാളം ക്‌ളബ് കൂടിയാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. അജ്മാന്‍ ചാപ്റ്ററിന് കീഴിലായിരിക്കും ക്‌ളബ് പ്രവര്‍ത്തിക്കുക.
‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പാക്കിയത്.
ഉദ്ഘാടന ചടങ്ങിന് ശേഷം മുരുകന്‍ കാട്ടാക്കട ക്‌ളബ്ബംഗങ്ങളായ കുട്ടികളുമായി സംവദിക്കുകയും അവരോടൊപ്പം സ്‌കൂള്‍ ഗ്രീന്‍ ഹൗസില്‍ കുട്ടികള്‍ തന്നെ നാട്ടു വളര്‍ത്തിയ തക്കാളി കൃഷിയില്‍ നിന്നും വിളവെടുപ്പ് നടത്തുകയും ചെയ്തു.
ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാര്‍ത്ഥികളാണ് നിലവില്‍ ക്‌ളബ്ബിലെ അംഗങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ നൂറു ദിന ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കുട്ടി മലയാളം പദ്ധതിയുടെ ഭാഗമാണിത്. ഭാവി തലമുറയിലെ കുട്ടികള്‍ക്ക് മാതൃഭാഷ പഠിക്കാന്‍ മാതൃകാപരമായ രീതിയിലാണ് മലയാളം മിഷന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. മലയാളം മിഷന്റെ ഭാഗമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ അന്താരാഷ്ട്ര തലത്തിലെ ആദ്യത്തെ മലയാളം ക്‌ളബ്ബിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്വന്തം രാജ്യത്ത് മടങ്ങിയെത്തി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാന്‍ ഈ പദ്ധതി സഹായകമാവും. മലയാളം മിഷന്റെ പ്രാധാന്യം മനസ്സിലാക്കി രക്ഷിതാക്കളും വിദ്യാലയങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി തുടര്‍ന്നു. ഓണ്‍ലൈന്‍ വഴി ആയിരുന്നു ഉദ്ഘാടനം. പ്രവാസ ലോകത്തെ പുതിയ തലമുറക്ക് മലയാള ഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കാനും വിദേശ രാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്താനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്‌ളബ്ബിന് കഴിയുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷംസുസ്സമാന്‍ പ്രത്യാശിച്ചു. പത്താം ക്‌ളാസ് വരെയോ ഡിഗ്രി തലത്തിലോ മലയാള ഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ാന സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നീലക്കുറിഞ്ഞി കോഴ്‌സ് നടത്താന്‍ തീരുമാനിച്ചത്. നീലക്കുറിഞ്ഞി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെട്രിക്കുഷേന്‍ നിലവാരത്തിലുള്ള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സീനിയര്‍ ഹയര്‍ ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടി മലയാളം സെന്ററുകള്‍ ഇക്കാര്യത്തില്‍ സഹായകമാവുമെന്ന സര്‍ക്കാറിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് പരീക്ഷണാര്‍ത്ഥം യുഎഇയിലും തമിഴ്‌നാട്ടിലും മലയാളം ക്‌ളബ്ബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
മലയാളം മിഷന്‍ യുഎഇ കോഓര്‍ഡിനേറ്റര്‍ കെ.എല്‍ ഗോപി, അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ അക്കാദമിക്‌സ് സിഇഒ സി.ടി ആദില്‍, പ്രിന്‍സിപ്പല്‍ ബാലാ റെഡ്ഡി, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് എന്നിവരും തുടര്‍ന്ന് നടന്ന പരിപാടിയില്‍ പങ്കെടുത്തു.