ഗള്‍ഫുഡ് 2023: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ മേളക്ക് ദുബായില്‍ തുടക്കം
125 രാജ്യങ്ങള്‍, അയ്യായിരത്തിലധികം പ്രദര്‍ശകര്‍
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ആഗോള ഭക്ഷ്യ, പാനീയ സോഴ്‌സിംഗ് ഇവന്റായ ഗള്‍ഫുഡിന്റെ 2023 എഡിഷന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗള്‍ഫുഡില്‍ സന്ദര്‍ശനം നടത്തി.
ലാകമെമ്പാടുമുള്ള ഭക്ഷ്യ, പാനീയ സംരംഭങ്ങളെയും പ്രഫഷനലുകളെും ഒന്നിച്ചു കൊണ്ടുവരുന്ന ഗള്‍ഫുഡിന്റെ 28-ാമത് പതിപ്പാണ് നടക്കുന്നത്. ഈ മാസം 24 വരെ നീണ്ടുനില്‍ക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ സ്ഥലത്താണ് ഗള്‍ഫുഡ് ഇക്കുറി സജ്ജീകരിച്ചിരിക്കുന്നത്. 125 രാജ്യങ്ങളില്‍ നിന്നുള്ള 5,000ത്തിലധികം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. 1,500 എക്‌സിബിറ്റര്‍മാര്‍ ഈ വര്‍ഷം പുതുതായി പങ്കെടുക്കുകയാണ്.
ആഗോള തലത്തില്‍ തന്നെ സുപ്രധാനമായ ഈ മേളയിലേക്ക് വന്‍ ജനപ്രവാഹമാണുള്ളത്. സന്ദര്‍ശക ബാഹുല്യം കാരണം ഇക്കൊല്ലം വലിയ സന്നാഹങ്ങളാണ് നേരത്തെ തന്നെ സ്വീകരിച്ചിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററിലെ 7 വമ്പന്‍ ഹാളുകളും പുതുതായി നിര്‍മിച്ച സഈദ് ഹാളും കവിഞ്ഞ് പുറത്ത് സജ്ജീകരിച്ച താത്കാലിക ടെന്റിലും പവലിയനുകള്‍ സജ്ജീകരിച്ചിരിക്കുകയാണ്. അതിനാല്‍, ഈ വര്‍ഷം ഗള്‍ഫുഡ് റെക്കോര്‍ഡ് സന്ദര്‍ശക പ്രവാഹത്തിന് സാക്ഷ്യം വഹിക്കും.
ലോകത്തെ ഭക്ഷ്യ കമ്പനികളില്‍ സിംഹ ഭാഗവും ഗള്‍ഫുഡിനെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നിരവധി കമ്പനികള്‍ സാന്നിധ്യമറിയിക്കുന്നു. വമ്പന്‍ ഡീലുകളും ഗള്‍ഫിലുണ്ടാകും.
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഗള്‍ഫുഡിനായി നിയുക്ത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് പുറമെ, അധിക പാര്‍ക്കിംഗ് ഇടങ്ങളും ഒരുക്കിയിരിക്കുന്നു. ദുബായ് മാള്‍ സാബീല്‍ എക്‌സ്പാന്‍ഷന്‍ പാര്‍ക്കിംഗ്, അല്‍ വസല്‍ ക്‌ളബ്ബിന് മുന്നിലെ പൊതു പാര്‍ക്കിംഗ്, അല്‍ കിഫാഫിലെ ബഹുനില പാര്‍ക്കിംഗ് എന്നിവ ഇക്കുറി ആര്‍ടിഎ അധിക സൗകര്യമായി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഷട്ടില്‍ ബസ് സര്‍വീസുകളുമുണ്ട്. സൗജന്യ ഷട്ടില്‍ ബസുകള്‍ സന്ദര്‍ശകരെ എക്‌സിബിഷന്‍ സ്ഥലത്ത് നിന്നും നിന്ന് കൊണ്ടു പോകുന്നതാണ്.