സായിദ് പുരസ്‌കാരം സാന്റ് എജിഡിയോക്കും ഷംസ അബൂബക്കറിനും സമ്മാനിച്ചു
അബുദാബി: യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരിലുള്ള വിഖ്യാതമായ ‘സായിദ് അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റി 2023’ സമര്‍പ്പണ ചടങ്ങിന്റെ നാലാമത് എഡിഷന്‍ വിപുലമായി സംഘടിപ്പിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ വിദേശ-കാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.
സായിദ് അവാര്‍ഡ് കമ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ ഓര്‍ഗനൈസേഷനും കെനിയന്‍ സമാധാന പ്രവര്‍ത്തക ഷംസ അബൂബക്കര്‍ ഫാദിലും ഏറ്റുവാങ്ങി.
സാഹോദര്യ മൂല്യങ്ങളിലധിഷ്ഠിതമായി കൂടുതല്‍ സമാധാനപരവും അനുകമ്പാപൂര്‍ണവുമായ ഒരു ലോകം കെട്ടിപ്പടുത്തതിനാണ് അവാര്‍ഡ് നല്‍കിയത്.
ലോക സമാധാനത്തിനും സവര്‍ത്തിത്വപൂര്‍ണമായ ജീവിതത്തിനുമായി കത്തോലിക്കാ സഭയുടെ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈജിപ്ത് അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ശൈഖ് അഹമ്മദ് അല്‍ ത്വയ്യിബും തമ്മില്‍ ഒപ്പു വച്ച ‘അബുദാബി ഡിക്‌ളറേഷന്റെ’ പശ്ചാത്തലത്തില്‍ യുഎന്‍ ഏകകണ്ഠമായി അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്.
സാഹോദര്യവും സമാധാനപരമായ സഹവര്‍ത്തിത്വവും കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി, ഈ വര്‍ഷത്തെ സായിദ് സമ്മാനം മൂല്യവും സന്ദേശവും എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു.
അല്‍അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. മുഹമ്മദ് അഹമ്മദ് അല്‍ ത്വയ്യിബ്, കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവര്‍ ചടങ്ങില്‍ രണ്ട് വെര്‍ച്വല്‍ പ്രസംഗങ്ങള്‍ നടത്തുകയും 2023ലെ സമ്മാന ജേതാക്കളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
സാഹോദര്യത്തിന്റെ വികാരങ്ങള്‍ പങ്കിടുമ്പോള്‍ പരസ്പരമുള്ള ഉള്‍ക്കൊള്ളല്‍, കരുതല്‍, സ്‌നേഹ സംഭാഷണം, ഐക്യദാര്‍ഢ്യം എന്നിവ ശക്തിപ്പെടുത്തുന്ന സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാന്‍ തങ്ങളിരുവരും എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഈ സാഹോദര്യ യാത്രയില്‍ ചേരുന്ന എല്ലാവരോടും നന്ദി പറഞ്ഞ മാര്‍പ്പാപ്പ, പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരും ദുര്‍ബലരുമായ മനുഷ്യര്‍ക്ക് സഹായവും പിന്തുണയുമാവാനും സമാധാനത്തിന്റെ ലക്ഷ്യത്തില്‍ സ്വയം പ്രതിജ്ഞാബദ്ധരാവാനും ഉദ്‌ബോധിപ്പിച്ചു.
മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാര്‍ഡ് നന്മയെയും സമാധാനത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും പ്രതീക്ഷയുടെ തിളക്കവും പ്രചോദനത്തിന്റെ ഉറവിടവുമാണെന്ന് ഡോ. അഹമ്മദ് അല്‍ത്വയ്യിബ് അഭിപ്രായപ്പെട്ടു. മനുഷ്യ സാഹോദര്യത്തിന്റെ പാത വെല്ലുവിളികളും പ്രയാസങ്ങളും നിറഞ്ഞതാണെന്നതില്‍ സംശയമില്ല. സ്‌നേഹ സാഹോദര്യത്തിന്റെ തിളങ്ങുന്ന മാതൃകകള്‍ അവതരിപ്പിക്കാനുള്ള ആഗോള വേദിയായി മാറിയ ഈ അവാര്‍ഡിനായി തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയ എല്ലാവരോടും നന്ദിയും അടപ്പാടും അറിയിക്കുന്നു. അതോടൊപ്പം, ലോകമുടനീളം ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ സര്‍വാത്മനാ പന്തുണക്കുകയും ചെയ്യുന്നു -ഗ്രാന്‍ഡ് ഇമാം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ
ആന്‍ഡ്രിയ റിക്കാര്‍ഡിയുടെ നേതൃത്വത്തില്‍ 1968ല്‍ സ്ഥാപിതമായ സാമൂഹിക സേവന മാനുഷിക കൂട്ടായ്മയാണ് കമ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ.16 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ട് 1992 ഒക്‌ടോബര്‍ 4ന് മൊസാംബിക്കിനായുള്ള സമാധാന ഉടമ്പടിക്ക് മധ്യസ്ഥത വഹിച്ചതാണ് കമ്യൂണിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നേട്ടം. അഭയാര്‍ത്ഥികളെ സംരക്ഷിക്കാനും അവരുടെ പുതിയ സമൂഹങ്ങളില്‍ അവരെ സമന്വയിപ്പിക്കാനും ശ്രമിക്കുന്നതാണ് അതിന്റെ ഏറ്റവും പ്രധാന സംരംഭങ്ങളിലൊന്ന്. ‘ഹ്യുമാനിറ്റേറിയന്‍ കോറിഡോറുകള്‍’ സ്ഥാപിച്ച് കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കി ഈ പ്രസ്ഥാനം. ഈ സംരംഭം മനുഷ്യ കള്ളക്കടത്ത് ചെറുക്കാന്‍ സഹായിച്ചു. ഇന്നു വരെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു.
സ്ഥാപിതമായത് മുതല്‍ മൊസാംബിക്കിലെ(1989-’92)യും ഗ്വാട്ടിമാല(1996)യിലെയും ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറുതി വരുത്താന്‍ സമാധാന ഉടമ്പടി, കൊസോവോയി(1996-’98)യിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചകള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി വിജയകരമായ സമാധാന നീക്കങ്ങളില്‍ പരിഹാര ഘടകമായി സജീവ പങ്ക് വഹിച്ചു. സെര്‍ബിയ(1996-’98)ക്ക് പുറമെ, കോംഗോ(1999)ക്ക് വേണ്ടി സന്ധി സംഭാഷണം, ബുറുണ്ടി(1997-2000)ക്കായി സമാധാന ഉടമ്പടി എന്ന നേട്ടവും ഈ പ്രസ്ഥാനത്തിനുണ്ട്. സമാധാനം സൃഷ്ടിക്കാന്‍ സാന്റ് എഗിഡിയോ കമ്മ്യൂണിറ്റി മത നയതന്ത്രവും പരസ്പര സാംസ്‌കാരിക സംഭാഷണവും സ്വീകരിക്കുന്നു. ഇത് മനുഷ്യ സാഹോദര്യത്തിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഷംസ അബൂബക്കര്‍ ഫാദില്‍
കെനിയന്‍ സമാധാന മധ്യസ്ഥയും കമ്യൂണിറ്റി മൊബിലൈസറുമാണ് ‘മാമ ഷംസ’ എന്ന അപര നാമത്തിലറിയപ്പെടുന്ന ഷംസ അബൂബക്കര്‍ ഫാദില്‍. യുവാക്കളെ അക്രമം, കുറ്റകൃത്യം, തീവ്രവാദം എന്നിവയില്‍ നിന്ന് രക്ഷിക്കാന്‍ കൗണ്‍സലിംഗും പരിശീലനവും അവര്‍ നല്‍കി വരുന്നു.
‘ഫോക്കസ് ഓണ്‍ വിമന്‍ ആന്റ് യൂത്ത് ഇന്‍ കോസ്റ്റ് പ്രോവിന്‍സ് ഫോര്‍ പൊളിറ്റിക്കല്‍ ഡെവലപ്‌മെന്റ്’ എന്ന പ്രസ്ഥാനം അവര്‍ രൂപവത്കരിച്ചു. 2014ല്‍ തീരപ്രദേശത്തെ സ്ത്രീകളെയും യുവാക്കളെയും ബോധവത്കരിക്കാനായിട്ടായിരുന്നു ഇത്. ‘നയാലി സബ് കൗണ്ടി ഡിസ്ട്രിക്റ്റ് പീസ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി’യുടെ അധ്യക്ഷയായ ആദ്യ വനിതയായി രെഞ്ഞെടുക്കപ്പെടാന്‍ അതിന്റെ വിജയം കാരണമായി. മൊംബാസയില്‍ 200ലധികം ജുവനൈല്‍ സംഘങ്ങള്‍ ഉള്‍പ്പെട്ട വ്യാപകമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാല്‍ പ്രേരിതരായ അവര്‍, ബാധിതരായ യുവാക്കളെ നവീകരിക്കുന്നതിനുള്ള സമഗ്രമായ ഒരു കാമ്പെയ്‌നിന് തുടക്കമിട്ടു. മതം, പൗരസേവനം, സര്‍ക്കാര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള അംഗങ്ങളും നേതാക്കളും ഉള്‍പ്പെടുന്ന ഒരു ബഹുമേഖലാ ഇടപെടലായി ഇത് പരിണമിച്ചു. 2019ല്‍ സ്ഥാപിതമായ ഈ കാമ്പെയ്ന്‍, ക്രിമിനല്‍ ജീവിതം ഒഴിവാക്കി പൊതുമാപ്പിലേക്കും കൗണ്‍സിലിംഗിലേക്കും പരിശീലനത്തിലേക്കും പ്രവേശനം നേടിയ 1000ത്തിലധികം യുവാക്കളുടെ പരിവര്‍ത്തനത്തിന് സംഭാവന നല്‍കി.
നാഷണല്‍ കൊഹേഷന്‍ ആന്റ് ഇന്റഗ്രേഷന്‍ കമീഷന്റെ ഹെഡായും ‘ദി ഫോക്കല്‍ പീസ് ആന്‍ഡ് കൊഹേഷന്‍ ചാമ്പ്യന്‍ ഇന്‍ ദി കോസ്റ്റ് റീജ്യണ്‍’ എന്ന പദവിയും ലഭിച്ചതുള്‍പ്പെടെ നിരവധി റോളുകള്‍ ഫാദില്‍ ഏറ്റെടുത്തു. കെനിയന്‍ മുസ്‌ലിംകളുടെ സുപ്രീം കൗണ്‍സിലിനെ പ്രതിനിധീകരിക്കുന്ന ‘മൊംബാസ വിമന്‍ ഓഫ് ഫെയ്ത് നെറ്റ്‌വര്‍ക്കി’ന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണവര്‍. എണ്ണമറ്റ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ നതൃത്വം നല്‍കിയത്. ഇത് ‘ആഫ്രിക്കന്‍ വിമന്‍ ഓഫ് ഫെയ്ത് നെറ്റ്‌വര്‍ക്കി’ന്റെ ബോര്‍ഡ് പ്രതിനിധിയായി അവരെ നിയമിക്കാന്‍ വഴിയൊരുക്കി.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഗുബാഷ്, സഹിഷ്ണുതാ-സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ഫെഡറല്‍ പ്രോട്ടോകോള്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ജുനൈബി എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇ സഹ മന്ത്രിയും ഫെഡറല്‍ പ്രൊട്ടോകോള്‍ ആന്റ് സ്ട്രാറ്റജിക് നറേറ്റീവ് അഥോറിറ്റി ചെയര്‍മാനുമായ ശൈഖ് ഷഖ്ബൂത് ബിന്‍ നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അംബാസഡര്‍മാര്‍ സംബന്ധിച്ചു.