GCCUAE

സീറോ കാര്‍ബണ്‍ യോട്ടുകള്‍: യുഎഇയിലെ മലയാളി യുവ സംരംഭകര്‍ക്ക് കുവൈത്തുമായി കരാര്‍ 

 

മിഡില്‍ ഈസ്റ്റിനായി പ്രത്യേകം രൂപകല്‍പന ചെയ്ത കപ്പല്‍ വികസനത്തിന് 10 മില്യണ്‍ ഡോളറിന്റെ പ്രാരംഭ കരാര്‍.

ക്രൗണ്‍ ഇലക്ട്രിക് ഷിപ്‌സ് ആന്റ് ബോട്ട്‌സ് ദുബായ് മേഖലയിലെ ആദ്യ ഓള്‍ ഇലക്ട്രിക് ബോട്ട് ആന്റ് യോട്ട് ബില്‍ഡിംഗ് പ്‌ളാന്റ് യുഎഇയില്‍ സ്ഥാപിക്കാന്‍ ഒരുക്കത്തില്‍

ദുബായ്/കുവൈത്ത്: സീറോ എമിഷന്‍ ഇലക്ട്രിക് യോട്ടുകള്‍ ഗള്‍ഫ് മേഖലയില്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനുമായി കുവൈത്തിലെ ബദര്‍ സുല്‍ത്താന്‍ ഗ്രൂപ്പുമായി ദുബായിലെ മുന്‍നിര കപ്പല്‍ നിര്‍മാതാക്കളായ ക്രൗണ്‍ ഇലക്ട്രിക് ഷിപ്‌സ് ആന്റ് ബോട്ട്‌സ് കരാറിലെത്തി. ഈ മേഖലയില്‍ സസ്റ്റെയ്‌നബിള്‍ ഗതാഗതത്തിന്റെ സാധ്യതകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് മലയാളി യുവ സംരംഭകരുടെ ഈ ധാരണ.

7.8 മീറ്റര്‍ ഇലക്ട്രിക് ക്യാബിന്‍ ക്രൂയിസറുകള്‍ മുതല്‍ മിഡില്‍ ഈസ്റ്റ് വിപണിക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത 23.9 മീറ്റര്‍ വരെ വലിപ്പമുള്ള ഇലക്ട്രിക് കാറ്റമറനുകള്‍ വികസിപ്പിക്കാനാണ് 10 മില്യണ്‍ ഡോളറിന്റെ പ്രാരംഭ കരാറെന്ന് കമ്പനി അറിയിച്ചു.

ബദര്‍ സുല്‍ത്താന്‍ ഗ്രൂപ് എംഡി അയ്മന്‍ ബദര്‍ സുല്‍ത്താന്‍ അല്‍ ഈസയും ക്രൗണ്‍ ഇലക്ട്രിക് ഷിപ്‌സ് ആന്റ് ബോട്ട്‌സ് ചെയര്‍മാന്‍ സോനു ജയനും തമ്മില്‍ അടുത്തിടെ അബുദാബിയില്‍ നടന്ന ഐഡെ്ക്‌സ്/നേവ്‌ഡെക്‌സ് ഷോയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

”അന്താരാഷ്ട്ര വിപണിയിലേക്കായി വികസിപ്പിച്ചെടുത്ത വെസലുകള്‍ കാറ്റമറനുകളുടെയും ഡേ ക്രൂയിസറുകളുടെയും വിപണിയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന താപനില, ഈര്‍പ്പം, കടലിലെ അവസ്ഥകള്‍ എന്നിവ കാരണം മിഡില്‍ ഈസ്റ്റ് വിപണിക്ക് പ്രത്യേക ആവശ്യകതകളാണുള്ളത്. പ്രതിരോധ വ്യവസായത്തിനായി ആളില്ലാതെ പ്രവര്‍ത്തിക്കുന്ന വൈദ്യുത ഓട്ടോണോമസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് ബോട്ടുകളുടെ വികസനത്തില്‍ അനുഭവ പരിചയമുള്ള ക്രൗണ്‍ ഇലക്ട്രിക് ഷിപ്‌സ് ആന്റ് ബോട്ട്‌സ് മിഡില്‍ ഈസ്റ്റ് മേഖലക്കായി പ്രത്യേകതകളുള്ള സസ്റ്റയിനബിള്‍ വൈദ്യുത കപ്പലുകള്‍ വികസിപ്പിക്കുന്നതിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്” -അയ്മന്‍ ബദര്‍ സുല്‍ത്താന്‍ അല്‍ ഈസ പറഞ്ഞു.

ഈ കരാര്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ സുസ്ഥിരതയിലും, നെറ്റ് സീറോ സംരംഭങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ക്രൗണ്‍ ഇലക്ട്രിക് ഷിപ്‌സ് ആന്റ് ബോട്ട്‌സ് വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി സലജ പറഞ്ഞു. ”ഒരിടത്തരം ക്രൂയിസ് കപ്പലിന്റെ കാര്‍ബണ്‍ നിര്‍ഗമനം ഒരു ദശലക്ഷം കാറുകള്‍ക്ക് തുല്യമാണ്.  7.8 മുതല്‍ 23 മീറ്റര്‍ വരെ വലുപ്പത്തില്‍ ക്രൗണ്‍ കമ്പനി വൈദ്യുത ബോട്ടുകള്‍ വികസിപ്പിക്കുകയും സസ്റ്റയിനബിള്‍ സൂപര്‍ യോട്ടുകളുടെ വികസനത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു”വെന്നും അവര്‍ വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണക്കാന്‍ എല്ലാ തരത്തിലും പെട്ട ഇലക്ട്രിക് ബോട്ടുകളും യോട്ടുകളും നിര്‍മിക്കുന്ന യുഎഇയിലെ പ്‌ളാന്റിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

ഇലക്ട്രിക് ബോട്ടുകളും യോട്ടുകളും നിര്‍മിക്കുന്നത് മിഡില്‍ ഈസ്റ്റ് സമ്പദ് വ്യവസ്ഥക്ക് നിര്‍ണായക ഉത്തേജനമാകുമെന്ന് സോനു ജയന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ബാറ്ററി സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി കാരണം 2011ല്‍ ഇലക്ട്രിക് കാര്‍ വിപണി നിലനിന്ന അതേ സ്ഥാനത്താണ് ഇലക്ട്രിക് യോട്ട് വിപണിയും ഇന്നുള്ളത്. ആഗോള സൂപര്‍ യോട്ടുകളുടെ 12.6 ശതമാനവും മെനാ മേഖലയിലാണ്. ആഗോള തലത്തില്‍ മികച്ച മൂന്ന് കപ്പല്‍ നിര്‍മാണ കമ്പനികളുടെ സംയോജിത വരുമാനം 100 ബില്യണ്‍ ഡോളറിന് മുകളിലാണുള്ളത്. ഇക്കാര്യത്തില്‍ ആരും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരല്ല എന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.